Search
  • namediaonline

ബയോണ്‍ യൂറോപ്പിന്റെ രാജാക്കന്മാര്‍!!


പി എസ് ജിയുടെ അരനൂറ്റാണ്ടിന്റെ സ്വപ്നം പോര്‍ച്ചുഗലില്‍ പൊലിഞ്ഞു. യൂറോപ്പിലെ വലിയ ഫൈനലുകള്‍ കളിച്ച്‌ മുന്‍ പരിചയമുള്ള ബയേണ്‍ മ്യൂണിക്ക് ആദ്യമായി ഫൈനലില്‍ കളിക്കാന്‍ വന്ന പി എസ് ജിയെ കണ്ണീരുമായി മടക്കി അയച്ചു. ലിസ്ബണില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയവുമായി ബയേണ്‍ മ്യൂണിക്ക് ചാമ്ബ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി. നെയ്മറും എമ്ബപ്പെയും പോലുള്ള സൂപ്പര്‍ താരങ്ങളെ വെറും കയ്യോടെ മടക്കി ഹാന്‍സി ഫ്ലിക്കും സംഘവും യൂറോപ്പിന്റെ രാജാക്കന്മാരായി.


കരുതലോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഫൈനല്‍ ആയതു കൊണ്ട് തന്നെ രണ്ട് ടീമുകളും ഹൈ പ്രെസിംഗ് എന്ന അവരുടെ സ്ഥിരം ടാക്ടിക്സില്‍ നിന്ന് മെല്ലെ ചുവടു മാറ്റി സുരക്ഷിത ഫുട്ബോള്‍ ആണ് തുടക്കത്തില്‍ കാഴ്ചവെച്ചത്.


ഇത് ശരിക്കും പി എസ് ജിക്കാണ് സഹായമായത്. പി എസ് ജി ആയിരുന്നു മെച്ചപ്പെട്ട അവസരങ്ങള്‍ തുടക്കത്തില്‍ സൃഷ്ടിച്ചത്. 19ആം മിനുട്ടില്‍ ആദ്യ നല്ല അവസരം വന്നു.

എമ്ബപ്പെയുടെ പാസ് സ്വീകരിച്ച നെയ്മര്‍ തൊടുത്ത ഷോട്ട് നൂയര്‍ തലനാരിഴക്കാണ് രക്ഷപ്പെടുത്തിയത്. ഇതിന് മറുപടിയായി 22ആം മിനുട്ടില്‍ ബയേണിന്റെ അറ്റാക്ക് വന്നു. ലെവന്‍ഡോസ്കിയുടെ ഷോട്ട് കെയ്ലര്‍ നവാസിനെ കീഴ്പ്പെടുത്തി എങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യ പകുതിയില്‍ തന്നെ ഡി മറിയക്കും എമ്ബപ്പെയ്ക്കും ഒക്കെ വീണ്ടും നല്ല അവസരങ്ങള്‍ നല്‍കി എങ്കിലും നൂയറിനെ നന്നായി പരീക്ഷിക്കാന്‍ പോലും ഇരു താരങ്ങള്‍ക്കും ആയില്ല.


ബയേണ് ആദ്യ പകുതിയില്‍ ലെവന്‍ഡോസ്കിയുടെ ഒരു മികച്ച ഹെഡര്‍ കൂടെ അവസരമായി ഉണ്ടായിരുന്നു എന്നാല്‍ ആ ഹെഡറിന് തുല്യമായി നില്‍ക്കാന്‍ നവസിനായി. ആദ്യ പകുതിയുടെ അവസാനത്തോട്ട് ബയേണിന്റെ കൂടുതല്‍ മുന്നേറ്റങ്ങള്‍ കാണാന്‍ ആയി എങ്കിലും മത്സരം ഗോള്‍ രഹിതമായി തന്നെ ആദ്യ പകുതിയില്‍ പിരിഞ്ഞു.


രണ്ടാം പകുതയിലും മത്സരത്തിന്റെ വേഗത ഇരുടീമുകളും കൂട്ടിയില്ല. എന്നാല്‍ പന്ത് കൈവശം വെച്ച്‌ കളി തുടങ്ങിയ ബയേണ്‍ മ്യൂണിക്ക് 59ആം മിനുട്ടില്‍ പി എസ് ജി ഡിഫന്‍സ് ഭേദിച്ചു. റൈറ്റ് വിങ്ങില്‍ നിന്ന് കിമ്മിച്ച്‌ കൊടുത്ത ചിപ് ക്രോസ് പെനാള്‍ട്ടി ബോക്സില്‍ കാത്തുനിന്ന കോമന്റെ തലയ്ക്ക് പാകത്തില്‍ വന്നു. ഫ്രഞ്ച് താരത്തിന്റെ ഹെഡര്‍ കെയ്ലര്‍ നവസിനെ കാഴ്ചക്കാരനാക്കി വലയില്‍.


ഈ ഗോളോടെ മത്സരത്തിന്റെ വേഗം കൂടി. പി എസ് ജി ആക്രമണത്തിലേക്ക് ചുവട് മാറ്റാന്‍ വെററ്റിയെ മധ്യനിരയിലേക്ക് ഇറക്കി. പി എസ് ജി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഡിമറിയയും എമ്ബപ്പെയും നെയ്മറും ഒക്കെ തുടര്‍ച്ചയായി ബയേണിന്റെ പെനാള്‍ട്ടി ബോക്ക്സിലേക്ക് കുതിച്ചു കയറി എങ്കിലും കൃത്യമായ തുറന്ന അവസരങ്ങള്‍ വന്നില്ല. വന്നപ്പോള്‍ ആകട്ടെ നൂയര്‍ എന്ന മതിലിനെ മറികടക്കാന്‍ പി എസ് ജിക്ക് ആയതുമില്ല.


ഫൈനല്‍ വിസില്‍ വരെ ഈ ലീഡില്‍ പിടിച്ചു നിന്ന് കിരീടം ഉറപ്പിക്കാന്‍ ബയേണിനായി. ബയേണിന്റെ ആറാം ചാമ്ബ്യന്‍സ് ലീഗ് കിരീടമാണിത്. പി എസ് ജിക്ക് ആകട്ടെ ആദ്യ യൂറോപ്യന്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.


1 view

© 2023 by NA Media. Proudly created with Align Designers.