- namediaonline
കാസര്‍കോട്- മംഗലാപുരം സ്ഥിരംയാത്രാനുമതി: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
Updated: Aug 16, 2020

ജില്ലയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കാസര്‍കോട്-ദക്ഷിണ കന്നഡ സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനുമതി നല്കി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥിരംയാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും വിധം രജിസ്റ്റര്‍ നടപടികള്‍ തലപ്പാടിയില്‍ വെച്ച് നടത്താനാണ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.
ദക്ഷിണ കന്നഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രതിദിന യാത്രക്കാരുടെയും അവിടെ നിന്ന് ജില്ലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെയും രജിസ്ട്രേഷന് തലപ്പാടിയിലുള്ള ഡാറ്റാ എന്‍ട്രി ടീം നടത്തും. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ റെഗുലര്‍ പാസ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുക. ഇതിനോടൊപ്പം ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
ഈ സര്‍ട്ടിഫിക്കറ്റ് യാത്രക്കാരന് തലപ്പാടിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിര്‍ത്തിയില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ശേഷം നല്‍കും. തൊഴിലുടമയുടെ പേരും വിലാസവും ഓഫീസ് വിലാസവും കാണിക്കുന്ന ഐഡി കാര്‍ഡ് നിര്‍ബന്ധമായും കരുതണം.
ആരോഗ്യവിഭാഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. ഡാറ്റാ എന്‍ട്രി ടീം വ്യക്തിയുടെ വിവരങ്ങളും രേഖകളും ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടും കോവിഡ്19ജാഗ്രതാ പോര്‍ട്ടലിലേക്ക് അപ്്ലോഡ് ചെയ്യുകയും ഉടന്‍ തന്നെ റെഗുലര്‍ പാസ് നല്‍കുകയും ചെയ്യും.
ഓരോ യാത്രക്കാരനും ഏഴ് ദിവസത്തിലൊരിക്കല്‍ ഈ നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇപ്രകാരമായിരിക്കും സ്ഥിരയാത്ര നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
